സ്ഫടികം; ഉള്ളിലിരിപ്പിന്റെ സ്പന്ദമാപിനികൾ
ഫാദർ ഒറ്റപ്ലാക്കൻ നിർബന്ധിച്ചത് കൊണ്ട് പള്ളിമേടയിലേക്ക് തോമയെ വരുത്തിച്ച് മകളുടെ കല്യാണത്തിന് ക്ഷണിക്കുക എന്നതാണ് ചാക്കോമാഷിന് അന്ന് രാവിലെ തന്നെ ചെയ്യേണ്ടി വരുന്നത്. വിമുഖതയോടെ നിന്ന ചാക്കോമാഷിനോട് ഫാദർ ഒറ്റപ്ലാക്കൻ പറഞ്ഞു:
"സ്വന്തം ചോരയെ തള്ളിപ്പറയുമ്പോൾ കൂടപ്പിറപ്പായ മോളുടെ അന്തസ്സ് അവൾ കെട്ടി കയറുന്ന വീട്ടിൽ അടിയറവ് പറയേണ്ടി വരും"
ഈ നിർഗുണ ഡയലോഗിൽ ചാക്കോ മാഷ് സ്വന്തം മകൾക്ക് വേണ്ടി തോമയെ കല്യാണത്തിന് ക്ഷണിക്കാൻ വഴങ്ങുകയാണ്.
വിളിച്ച് വരുത്തിയപടി പള്ളിമേടയിൽ തോമയെത്തി. ഇനി ചാക്കോ മാഷിന് ക്ഷണിക്കേണ്ടുന്ന ഊഴമാണ്. എല്ലാവരും ഉറ്റുനോക്കുകയാണ്. പക്ഷെ,ചാക്കോ മാഷ് ചെയ്യുന്നതോ.?ക്ഷണിപ്പിന് പകരം മകനെ അപമാനിച്ച് വിടുകയാണ്. 'കൂടുതലൊന്നും വേണ്ട വന്ന് ഉണ്ടിട്ട് പോകുവാൻ..!'
മേരിപ്പെണ്ണ് (പൊന്നമ്മ), മകൾ ജാൻസി,അനുജൻ വക്കച്ചൻ, ഒറ്റപ്ലാക്കൻ എന്നിവർ മുന്നിലുള്ളപ്പോൾ ചാക്കോ മാഷിന് മകനെ ക്ഷണിക്കേണ്ടി വരുന്നത് അത്രയും കുഴപ്പിക്കുന്ന സിറ്റുവേഷനാണ്. തലേന്ന് ഷർട്ടിന്റെ കൈവെട്ടിയിട്ട മകൻ തൊട്ട് മുൻപിൽ നിൽക്കുകയാണ്. അവിടെയാണ് വിധേയപ്പെടേണ്ടത്. രംഗത്ത് വന്ന് നിൽക്കുന്ന സകലരുടേയും അറ്റൻഷൻ താനാകുന്നതിന്റെ ചളിപ്പും,മകനോടുള്ള അമർഷവും ഒരുമിച്ച് ചാക്കോ മാഷിനെ ആ നിമിഷത്തിൽ പ്രതിരോധത്തിലാക്കുന്നു. പള്ളിമേടയിൽ തോമക്ക് മുന്നിൽ വച്ച് പെട്ടെന്നൊരു തീരുമാനം. അതായിരുന്നു മകനെ അപമാനിക്കുന്നതിൽ കലാശിച്ചത്. ഒരു പക്ഷെ, കംഫർട്ടബിൾ ആയ ഒരു സിറ്റുവേഷൻ ചാക്കോ മാഷിന് അനുവദിച്ച് കൊടുത്തിരുന്നു എങ്കിൽ മാഷ് തോമയെ പേരിനെങ്കിലും ഒന്ന് ക്ഷണിച്ച് വക്കുമായിരുന്നു.
(മുകളിൽ പറഞ്ഞതാണ് ഇതുവരെ പ്രേക്ഷകനെന്ന നിലയിൽ വിശ്വസിച്ച് പോന്നത്. പക്ഷെ, ഇത്രയും സാധാരണമായ ഒറ്റബുദ്ധിയാണോ ചാക്കോ മാഷിനുള്ളത്. സംശയങ്ങളുണ്ടായിരുന്നു. സ്ഫടികം 4K ആണ് കാര്യത്തിന് ക്ലാരിറ്റി തന്നത്.)
ആ രംഗങ്ങളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കാം: തോമ കല്യാണത്തിന് വരില്ലന്ന് ശഠിക്കുകയാണ്. പക്ഷെ, ചാക്കോ മാഷിനറിയാം അമ്മയും, മകളും മകനും തമ്മിലുള്ള കെമിസ്ട്രി വച്ച് നോക്കുമ്പോൾ ഏതെങ്കിലും സന്ദർഭത്തിൽ തോമയിലെ മഞ്ഞുരുകും. തുടർന്ന് മകളുടെ കല്യാണത്തിന് കൂടപ്പിറപ്പായ ചേട്ടൻ സ്വാഭാവികമായി അവിടുണ്ടാവും, അതിന് ക്ഷണിപ്പൊന്നും വേണ്ട. പക്ഷെ,ചീഫ് സെക്രട്ടറി പോലും സന്നിഹിതനാകുന്ന ആ കല്യാണത്തിന് മകൻ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ചാക്കോ മാഷ് നിഷ്ക്രിയനായ് ചുമ്മാതിരുന്നാൽ ചേട്ടൻ അനിയത്തിയുടെ കല്യാണം നടത്തി കൂടെ ഉണ്ടാവും. കല്യാണം കൂടില്ലെന്ന വാശി തോമക്കുണ്ട്. പക്ഷെ, തോമ വരും. അതുണ്ടാവരുത്. ഏത് വിധേനയും അതൊഴിവാക്കണം. വരില്ല എന്നുള്ള തോമയുടെ സ്റ്റാന്റ് കുറച്ചു കൂടി സ്ട്രോങ്ങാക്കേണ്ടതുണ്ട്. അതിന് മാത്തമാറ്റിക്കലി എന്താണ് ചെയ്യാൻ പറ്റുവ..?
ആ സമയത്താണ് ഫാദർ ഒറ്റപ്ലാക്കൻ ആ ശുപാർശയുമായ് വരുന്നത്. മകനെ പള്ളിയിൽ വച്ച് ക്ഷണിക്കുക. "നീ വരണം.." അത്ര മാത്രം പറഞ്ഞാൽ മതിയത്രേ. മകൾ കെട്ടിക്കയറിയ വീട്ടിൽ ലഭിക്കേണ്ട അന്തസ്സിനെ കുറിച്ച് ഒറ്റപ്ലാക്കൻ നടത്തിയ ഉണ്ടയില്ലാ വെടി ഡയലോഗുകൾ ചാക്കോ മാഷിന്റെ രോമത്തിൽ പോലും തൊട്ടിട്ടില്ല.. ഏറ്റിട്ടേ ഇല്ല.. പള്ളി മേടയിൽ വച്ച് നടക്കാൻ പോകുന്ന മീറ്റിങ്ങിലെ സാധ്യതയാണ് മാഷ് മണത്തറിഞ്ഞത്. അതുകൊണ്ട് മകനെ ക്ഷണിക്കാൻ വഴങ്ങി. "നീ വരണം.." അത്ര മാത്രം പറഞ്ഞാൽ മതിയത്രേ..ചാക്കോ മാഷ് ഉള്ള് കൊണ്ട് ചിരിച്ചിരിക്കാം. ഒടുവിൽ മകൻ പള്ളിമേടയിലെത്തി. ചാക്കോ മാഷ് സ്വയം പ്ലാൻ ചെയ്ത പടി വിവാഹത്തിന് ശേഷം വന്ന് ഉണ്ടേച്ചും പോകാൻ നിർദാക്ഷണ്യം പറഞ്ഞുവച്ചു. എന്തുണ്ടായ്..ഇനി പ്രളയം വന്ന് സർവ്വതും നശിച്ചാലും തോമ കല്യാണത്തിന് വരില്ലെന്നുറപ്പായ്.
സംഗതി ശരിയാണ് ചാക്കോ മാഷ് ആത്യന്തികമായ് ഈ സിനാരിയോയിൽ പരാജയപ്പെട്ടു. ബാക്ക്ഫയർ ചെയ്യാത്ത പദ്ധതികൾ ചാക്കോമാഷിന്റെ ജീവിതത്തിൽ നന്നേ കുറവാണ്. പക്ഷെ,പരാജയത്തിൽ വിലയിരുത്താവുന്നതല്ല ചാക്കോ മാഷെന്ന കഥാപാത്ര നിർമ്മിതി. ഗ്രൗണ്ട് സപ്പോർട്ട് തീരെ ഇല്ലാത്തതിനാൽ പരാജയം ഒരു പക്ഷെ അയാൾ എല്ലാത്തിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കാം. മകനെ തോൽപിക്കുവാൻ രാവുണ്ണി മാഷുമായ് സന്ധിചെയ്യുന്നതും, പതിനെട്ടാം പട്ട വക്കുന്നതും, ചെകുത്താനെന്ന് എഴുതി വച്ചതും വരാനിരിക്കുന്ന പരാജയം അറിഞ്ഞ് തന്നെ ആയിരിക്കാം. പക്ഷെ,ചാക്കോ മാഷിന്റെ ഉള്ളിലിരിപ്പ് അതൊന്നുമല്ല. ആടുതോമക്കും ആടു തോമയുടെ അഭ്യുദയകാംഷികളായ മേരിപ്പെണ്ണടക്കമുള്ള സകലർക്കും നീറ്റലുണ്ടാക്കുന്ന ചിലത് ചെയ്ത് വക്കുക. അവരുടെ റിയാക്ഷനറിയുക. ആ സന്ദർഭങ്ങളിൽ ഒരു പോലെ അസ്വസ്ഥമാകുന്ന അവരെ കാണുന്നതിൽ പ്രതികാര പ്രാപ്തി നേടുക. ഭാര്യയും മകളും അനുജനും തന്റെ ചെറിയ ന്യായങ്ങളിൽ പോലും കൂടെ നിൽക്കാത്ത ദൂരവസ്ഥയെ ചാക്കോ മാഷ് ത്വരിതപ്പെടുത്തുന്നതും,മാനസികമായി നേരിടുന്നതും ഇങ്ങനെയാണ്
വിജിത്ത്
Post a Comment